HomePersonalitiesപേരിനോടൊപ്പം 'പുളിയനം' എന്ന എൻറെ ഗ്രാമത്തിൻറെ പേരിൽ ഞാൻ അഭിമാനിക്കുന്നു

പേരിനോടൊപ്പം ‘പുളിയനം’ എന്ന എൻറെ ഗ്രാമത്തിൻറെ പേരിൽ ഞാൻ അഭിമാനിക്കുന്നു

1964-ലാണ് അങ്കമാലിയിൽ വച്ച് ആദ്യമായി ഞാൻ ഒരു പ്രൊഫഷണൽ നാടകം കാണുന്നത്. നാടക ആചാര്യൻ ശ്രീ. പി. ജെ. ആൻറണി എഴുതിയ പ്രഗല്ഭനായ ശ്രീ ചാച്ചപ്പൻ സംവിധാനം ചെയ്ത ചങ്ങനാശ്ശേരി ഗീഥ തിയേറ്റേഴ്സിന്റെ ‘രശ്മി’. അതിൽ അനീതിക്കെതിരെ പടപൊരുതുന്ന പള്ളീലച്ചൻ തിലകൻ എന്ന അനുഗ്രഹീത നടനിലൂടെ പരകായ പ്രവേശം നടത്തുന്നത് കണ്ട് നടൻ ആകണമെന്ന മനസ്സിലെ മോഹങ്ങൾക്ക് ചിറകു മുളച്ചു. അതിനുവേണ്ടി പരിശ്രമങ്ങൾ നടത്തിയെങ്കിലും പത്തു വർഷങ്ങൾക്കുശേഷം വിവാഹം കഴിഞ്ഞു ഒരു കുട്ടി ആയതിനു ശേഷമാണ് മുഖത്ത് ചായം തേച്ച് ഒരു നടനാകാനുള്ള ആഗ്രഹം സാധിച്ചത്. അതും കുഷ്ഠരോഗികൾക്ക് വേണ്ടി സ്വരമുയർത്തുന്ന ഒരു പള്ളീലച്ചന്റെ വേഷത്തിൽ. അതിനുള്ള സാഹചര്യം ഒരുക്കിയത് അയ്യമ്പുഴ തുണിക്കട നടത്തുന്ന പി. ഡി. ജോർജ് എന്ന നടനാണ്.

1973 ൽ ഞങ്ങൾ അങ്കമാലിയിൽ നിന്ന് ആരംഭിച്ച ‘യങ് വേവ്സ്’ എന്ന ക്ലബ്ബാണ് നാടകം അവതരിപ്പിച്ചത്. അയ്യമ്പുഴ പ്ലാന്റേഷനിലെ ഓല മേഞ്ഞ പള്ളിയിലെ രണ്ടാം വർഷത്തെ തിരുനാളിനോടനുബന്ധിച്ച് മാത്യു ഇടമറ്റം എഴുതിയ രാജധാനി നാടകത്തിലെ അറുപത്തിയഞ്ചു വയസ്സുള്ള ഫാദർ തോമസ് എന്ന കഥാപാത്രമായി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആണ് രംഗത്ത് വരുന്നത്. അന്ന് മഞ്ഞപ്ര വരെയാണ് കറണ്ട് ഉള്ളത്. നാടകം വലിയ ജനാവലിയുടെ ഹർഷാരവത്തോടെയാണ് തീർന്നത്. അതിൽ നായികയായി അഭിനയിച്ചത് തൃശ്ശൂർക്കാരൻ ഉണ്ണികൃഷ്ണൻ ആണ്. അന്ന് പെൺ വേഷം കെട്ടുന്ന പലരും തൃശൂർ ഉണ്ടായിരുന്നു. ഞങ്ങളുടെ ഗായകൻ ചന്ദ്രൻറെ കസിനായിരുന്നു ഉണ്ണികൃഷ്ണൻ.

നാടകം കഴിഞ്ഞ് വിവിധ പള്ളികളിൽ നിന്ന് വന്ന വൈദികരും കന്യാസ്ത്രീകളും ജനങ്ങളും ‘അച്ചോ.. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ എന്ന് പറഞ്ഞു ഗ്രീൻ റൂമിൽ വന്നത് 47 വർഷം കഴിഞ്ഞിട്ടും ഇന്നും കണ്മുൻപിൽ കാണുന്നതുപോലെ.

യങ് വേവ്സ് തുടർന്നുള്ള 5 വർഷവും ഓരോ നാടകം നാലും അഞ്ചും വേദികളിൽ അവതരിപ്പിച്ചു. കൂടാതെ വിവിധ സ്ഥലങ്ങളിൽ നടന്ന ഏകാങ്കനാടക മത്സരങ്ങളിലുമായി നൂറോളം നാടകങ്ങളിൽ അഭിനയിച്ചു.

1980-ൽ അങ്കമാലി പൗർണമി എന്ന പേരിൽ സ്വന്തമായി ഒരു നാടകസമിതി ആരംഭിച്ചു. സർവ്വശ്രീ. പൊൻകുന്നം വർക്കി, എ. എൻ. ഗണേശ്, ശ്രീമൂലനഗരം മോഹൻ, അഡ്വക്കേറ്റ് മണിലാൽ, ബാബു പള്ളാശ്ശേരി, ജോൺ ഫെർണാണ്ടസ് എം. എൽ. എ., ഡോക്ടർ ഇന്ദുകുമാർ, ഇ. വി. കലേശൻ, ആദിനാട് ഗോപൻ, വടക്കില്ലം ഗോപിനാഥ്‌ , അനിൽ ബാസ് തുടങ്ങിയവരുടെ നാടകങ്ങൾ 20 വർഷം അവതരിപ്പിച്ചു. സിനിമാതാരങ്ങളായ ഷീല, ലക്ഷ്മി, സുമിത്ര, സരസ്വതി എന്നിവരുടെ നായകനായി സിനിമയിൽ പ്രസാദ് എന്ന പേരിൽ അഭിനയിച്ച വർഗീസ് കാട്ടിപ്പറമ്പൻ, എൻ. എഫ്. വർഗീസ്, എം. കെ. വാര്യർ, ടി. എം. അബ്രഹാം, ജോർജ്ജ് കണക്കശ്ശേരി, ജി. എ. ജോസ്, ജോർജ് വട്ടോലി, കോയിവിള ഗോപാലകൃഷ്ണൻ, അഷ്ടമുടി ഹിലാൽ, ബേബിറോൺ തെക്കാസ്, സുരേന്ദ്രനാഥ്, ജോസ് അമ്പൂക്കൻ, കാഞ്ഞൂർ മത്തായി,അലിയാർ, ചൊവ്വര ബഷീർ, മീനഗണേശ്, ചോറ്റാനിക്കര രുഗ്മണി,  പറവൂർ കമലം, കല്യാണികുട്ടിയമ്മ, മേരി തോമസ്, എം. ഡി. ഗീത തുടങ്ങി പ്രശസ്തരായ നടീനടന്മാരോടൊപ്പം അഭിനയിക്കാനും, അവരെ സംവിധാനം ചെയ്യാനുമുള്ള ഭാഗ്യം ഉണ്ടായി. കേരളത്തിനകത്തും പുറത്തുമായി 3500-ൽ പരം വേദികളിൽ നാടകം അവതരിപ്പിച്ചു. 2015-ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നൽകി ആദരിച്ചു. ആ വർഷം കേരള സർക്കാർ സാംസ്കാരിക വകുപ്പിൻറെ നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രത്തിൻറെ അഭിനയ പുരസ്കാരവും ലഭിച്ചു. ‘കേണ്ടസ്’ കണ്ടശ്ശാംകടവ്, ‘ഫിൽകോസ്’ കോട്ടയം ‘ജോത്സ്ന’ അങ്കമാലി തുടങ്ങിയ വിവിധ സംഘടനകൾ നടത്തിയ നാടക മത്സരങ്ങളിൽ അവതരണം, സംവിധാനം, നാടൻ തുടങ്ങിയവയ്ക്കുള്ള അവാർഡുകളും ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ ,ദിലീപ്, കുഞ്ചാക്കോ ബോബൻ, ജഗതി, മാള, ജഗദീഷ്, പെല്ലിശ്ശേരി, ഇന്ദ്രൻസ്, രമേശ് പിഷാരടി, ഐശ്വര്യ ലക്ഷ്മി, കവിയൂർ പൊന്നമ്മ, കെ. പി. എ. സി. ലളിത തുടങ്ങിയവരോടൊപ്പം വലുതും, ചെറുതുമായ വേഷങ്ങൾ 12 സിനിമകളിൽ ചെയ്തു. ഏതാനും സീരിയലുകളിലും, മുപ്പതോളം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.

ലോകത്തിൽ എവിടെ മലയാളികൾ ഉണ്ടോ അവിടെയെല്ലാം റേഡിയോ നാടകങ്ങൾ വഴിയും, സിനിമ സീരിയലുകൾ വഴിയും എൻറെ പേരിനോടൊപ്പം പുളിയനം എന്ന എൻറെ ഗ്രാമത്തിൻറെ പേരും എത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു അഭിമാനിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments