പടിഞ്ഞാറ് ചാലക്കുടി പുഴയും വടക്കും കിഴക്കും തെക്കും നെൽപ്പാടങ്ങളും കൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് എളവൂർ.
ഈളം കാരുടെ (ഈഴവരുടെ) ഊര് ഇളവൂർ രൂപാന്തരം പ്രാപിച്ചാണ് എളവൂർ ആയതെന്ന് പറയപ്പെടുന്നു. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നാടായ ഈ ഗ്രാമത്തിനു ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. കേരള സംസ്ഥാനത്തെ പഴയ നാട്ടുരാജ്യങ്ങളായി തിരുവിതാംകൂർ, കൊച്ചി എന്നിവയെ വേർതിരിച്ചിരുന്നത് എളവൂർ ശ്രാമ്പിക്കൽ തോടായിരുന്നു .1960- കളിൽ ഉണ്ടായിരുന്ന എളവൂർ മാർക്കറ്റ് ഏറെ പ്രസിദ്ധമാണ്. കോട്ടപ്പുറം പറവൂർ എറണാകുളം ഭാഗങ്ങളിൽനിന്ന് അരി, പലചരക്ക് സാധനങ്ങൾ എന്നിവ വള്ളത്തിൽ ഇവിടെ കൊണ്ടുവരികയും പകരം ഇവിടുത്തെ ഉൽപ്പന്നങ്ങൾ അങ്ങോട്ട് കയറ്റി അയക്കുകയും ചെയ്തിരുന്നു.
യാത്രക്കാർക്ക് സഞ്ചരിക്കുന്നതിന് പറവൂർ ഭാഗത്തേക്ക് 3 ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു.1956-ലാണ് ഇവിടെ സിനിമ തിയേറ്റർ ആരംഭിച്ചത്. ഇതേ കാലഘട്ടത്തിൽതന്നെ അങ്കമാലിയിൽ നിന്നും എളവൂർ പാലുപ്പുഴ കടവിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചിരുന്നു.
2002-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട മള്ളുശ്ശേരി – മധുരപ്പുറം പാലവും 2004 ഉദ്ഘാടനം ചെയ്യപ്പെട്ട അന്നമനട – പുളിയ്ക്കക്കടവ് പാലവും ഈ ഗ്രാമത്തിൻറെ വികസനത്തിന് ഏറെ സഹായകമായിട്ടുണ്ട്. ഇതുവഴി ആലുവ, മാള എന്നിവിടങ്ങളിലേക്ക് പുളിയനം എളവൂർ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മൂന്ന് കടവുകൾ ഉണ്ടായിട്ടും പാലം ഇല്ലാത്തതുമൂലം ചാലക്കുടിപ്പുഴ അപ്പുറത്തുള്ള പൂവത്തുശ്ശേരി പാലിശ്ശേരി അന്നമനട എന്നിവിടങ്ങളിലേക്ക് പോകാൻ ഇവിടുത്തെ ജനങ്ങൾ ഏറെ കഷ്ടപ്പെടുന്നു. എളവൂർ തിരുപ്പറമ്പ് കടവ്, എളവൂർ ചന്തക്കടവ്, പാലുപ്പുഴ കടവ് എന്നിവയാണ് ഇവിടത്തെ കടവുകൾ. 1965 മുതൽ ഇവിടെ പാലത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും അന്ന് പാലം മൂഴിക്കുളത്തേക്കു വഴിമാറുകയാണ് ഉണ്ടായത്.
ആലുവ,അങ്കമാലി എന്നിവടങ്ങളിൽ നിന്നുള്ള നിരവധി ബസുകൾ ഇപ്പോൾ എളവൂർ ചന്തക്കടവിൽ വന്നാണ് ഹാൾട്ട് ചെയുന്നത്. ഇവിടെ പാലം നിർമ്മിച്ചാൽ ഈ ബസുകൾക്കു അന്നമനട, മാള എന്നിവടങ്ങളിലേക്കു എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. മറ്റു രണ്ടു കടവുകൾ ആയ തിരുപറമ്പ്, പാലുപ്പുഴ എന്നിവിടങ്ങളിൽ ചെറിയ പാലം നിർമ്മിച്ചാൽ യാത്രക്കാർക്ക് എളുപ്പത്തിൽ പുഴക്ക് അക്കരെ കടക്കാൻ സാധിക്കും.
-ജോർജ് ശ്രാമ്പിക്കൽ എളവൂർ