ജലഗതാഗതത്തിന്റെ സുവർണ്ണനാളുകൾ എളവൂർ ചന്ത വിപണത്തിന്റെ മദാലസയായ വാണിജ്യ പ്രാധാന്യമുള്ള സ്ഥലമായിരുന്നു. കല്ല്കുത്ത് കടവ് വലിയ വള്ളങ്ങൾ അതിന്റെ ഗർഭഗൃഹത്തിൽ വഹിച്ച വിവിധ ഉത്പ്പന്നങ്ങളുമായി പുറം ചന്തകളിലേക്കും, അവിടെ നിന്നും തിരിച്ചും യാത്രകൾ തുടർന്നു. കോട്ടപ്പുറം പറവൂർ ആലുവ എറണാകുളം ചാലക്കുടി എന്നിവടങ്ങളിലേക്കാണ് പ്രധാനമായും അതിന്റെ വിപണന സഞ്ചാരം തുടർന്നത്. പഴുത്തതും പച്ചയുമായ മാങ്ങകൾ നിറച്ച വലിയ വാരികുട്ടകൾ തലയിലേന്തി ആരോഗ്യ ദൃഡഗാത്രരായ യുവാക്കൾ അയൽ ഗ്രാമങ്ങളിൽ നിന്നും എളവൂരിന്റെ രാജവീഥിയിലൂടെ നടന്ന് നീങ്ങുന്ന കാഴ്ച്ചകൾ ചരിത്രത്തിന്റെ രേഖാചിത്രങ്ങളായി നിലകൊള്ളുന്നു.
ചക്ക, കായ, അരി, കിഴങ്ങ് വർഗ്ഗങ്ങൾ അങ്ങനെ ഭക്ഷ്യയോഗ്യമായതെന്തും എളവൂർ ചന്തയിൽ നിന്നും വിപണനം നടന്നിരുന്നു. പ്ലാവില കെട്ട് കെട്ടായി കൊണ്ട് പോകുന്നത് ഇനി തിരിച്ച് വരാനിടയില്ലാത്ത കാഴ്ച്ചകളാണ്. കഴിഞ്ഞ കാലത്തെ ദാരിദ്ര്യത്തെ അതിജീവിക്കാൻ മഴക്കാലത്ത് സൂര്യൻ തല കാണിക്കുന്ന ഇടവേളകളിൽ ചെറിയ ചില്ലകൾ വെട്ടി കെട്ട് കെട്ടാക്കി എളവൂർ ചന്തയിലെത്തിച്ച് വലിയ ചരക്ക് വള്ളങ്ങളിൽ പറവൂർ കോട്ടപ്പുറം മാർക്കറ്റുകളിലേക്ക് പോകുന്നത് ഇന്നാണെങ്കിൽ ഒരു കൗതുക കാഴ്ച്ചയാകുമായിരുന്നു.
പടിഞ്ഞാറൻ ദിക്കുകളിൽ ആടുകൾ വളരണമെങ്കിൽ എളവൂർ ചന്തയിൽ നിന്നും പ്ലാവില ചെല്ലുന്ന കാലം.
എളവൂർ ചന്ത കടവിന് കല്ല്കുത്ത് കടവ് എന്ന് പേര് വരുന്നത് വെട്ടിയ ചെങ്കല്ലുകൾ വീട് പണിയുന്നതിനായി വള്ളത്തിൽ കയറ്റി ധാരാളമായി പടിഞ്ഞാറൻ ദിക്കുകളിലേക്ക് പോയിരുന്നത് കൊണ്ടാണെന്ന് പറയപ്പെടുന്നു.