ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. രൗദ്രഭാവമുള്ള ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാടായും തൂക്കം അറിയപ്പെട്ടിരുന്നു. തൂക്കച്ചാടിലെ കൊളുത്തിൽ വഴിപാടു നടത്തുന്ന ഭക്തന്റെ തൊലിയിൽ നേരിട്ടു കുത്തുന്നതു കൊണ്ട് എളവൂർ തൂക്കം മറ്റുള്ള തൂക്കങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നു..
പുരാതന കാലത്ത് ഏഴു ദിവസങ്ങളിലായാണ് തൂക്കം നടത്തപ്പെട്ടിരുന്നത്.തൂങ്ങിയ ഭക്തനെ ഏഴാം ദിവസമായിരുന്നു തൂക്കച്ചാടിൽ നിന്ന് ഇറക്കിയിരുന്നത്. ശ്രീപുത്തന്‍കാവിലമ്മയുടെ കടുത്ത ഭക്തയായ ഒരമ്മയുടെ പ്രാര്‍ത്ഥന മൂലം ദേവിയുടെ വെളിപാടുണ്ടായ അന്നത്തെ കാരണവർ പിന്നീട് അത് മൂന്നു പ്രദക്ഷിണമായി ചുരുക്കി. തൂക്കച്ചാടിലേറിയ ഭക്തനെ എടുത്ത് ദേവിക്ക് മൂന്നു പ്രദക്ഷിണം വയ്ക്കലായിരുന്നു പിന്നീട് ചെയ്തുവന്നിരുന്നത്. ഒന്നു മുതല്‍ ഏഴു തൂക്കം വരെ ഒറ്റത്തവണ നടന്നിരുന്നതായി ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നു . തൂങ്ങുന്ന ഭക്തൻ നാല്പ്പത്തൊന്നു നാൾ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിൽ താമസിച്ച് പ്രത്യേക തിരുമൽ ചികിത്സക്കു ശേഷമാണ് തൂക്കച്ചാടിലേറുന്നത്. 32 അടി പൊക്കമുള്ള തൂക്കച്ചാടും കൊളുത്തും ദേവസ്വം ഇന്നും സൂക്ഷിച്ചു പോരുന്നു .
ദേവിയുടെ ഹിതം മാനിച്ചു നിർത്തലാക്കിയ ഈ ചടങ്ങ് ഇന്ന് ദേവിക്ക് പൂമൂടലായി പത്താമുദയനാളിൽ പുനർജനിച്ചു. ചുവന്ന പട്ടും ചിലങ്കയും വാളുമേന്തി തിരുവാഭരണം ചാർത്തി സർവ്വാലങ്കാരഭൂഷിതയായി നില്‍ക്കുന്ന പുത്തന്‍കാവിലമ്മയെ പത്താമുദയനാളിൽ ദർശിക്കുന്നതു തന്നെ ഒരു മനുഷ്യായുസ്സിന്റെ പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു . ദേവിയുടെ ഇഷ്ട വഴിപാട് കൂടിയായ പുഷ്പാഭിഷേകം വളരെയധികം ദർശനപ്രധാനമേറിയതുമാണ്.