നബൻകുളം :പുളിയനം ജംഗ്ഷന് സമീപമുള്ള പുളിയനം ഈസ്റ്റ് പാടശേഖര സമിതിയുടെ പരിധിയിൽ വരുന്ന പാടം ആരംഭിക്കുന്നത് ‘നമ്പൻകുളത്തിൽ നിന്നാണ്’. ഇന്ന് ആ കുളവും നികത്തി. പാടശേഖരത്തിൽ നെൽകൃഷിയും കാണാനില്ല. ഒരു നാല് വരി കവിത സ്വന്തമായി എഴുതിയത് ഇവിടെ കുറിക്കുന്നു.
അരി തരില്ല ആന്ധ്രാ ചൊല്ലുന്നിടയ്ക്കിടെ
പാല് തരില്ല കർണ്ണാടകം ചൊല്ലുന്നു
പച്ചക്കറിക്കു വില കൂട്ടുവാനുള്ള
പച്ചക്കൊടി കാട്ടി നിൽക്കുന്നു തമിഴകം.
പാടങ്ങളും തോടുമെല്ലാം നികത്തി
പാടെ കൃഷിപ്പണിയെല്ലാമുപേക്ഷിച്ച്
നെല്ല്, പഴം, പാല്, പച്ചക്കറിയങ്ങനെയെല്ലാം
ഇറക്കുമതിക്ക് കാത്തീടവേ,
‘സ്വാശ്രയശീലവും’ കൂടി കുറച്ചന്യദേശത്തുനിന്നു-
മിറക്കുകിൽ ഉത്തമം.
ഈ പാടശേഖരത്തുള്ള നിലങ്ങൾക്ക് തിരിച്ചറിയുവാൻ പല പേരുകളും ഉണ്ടായിരുന്നു. അതെല്ലാം ഇന്ന് ഓർമയായി. ഓർമ്മയിലുള്ളത് കുറിക്കുന്നു. മണലൻകണ്ടം, മോറേലിപ്പടവ്, അമ്പാട്ടുപടവ്, അക്കരമറ്റം, നോട്ടാട്ടിപടവ്, കാരയ്ക്കപടവ്, നെടുങ്ങാഞ്ചേരി, വട്ടൂര്, കിളിയേലികാഞ്ഞിലം, ഇടിക്കോട്, മനയ്ക്കപ്പടവ്, മൊത എന്നിങ്ങനെ പോകുന്നു ആ പേരുകൾ. ഓരോ പടവിനും വിളവിനനുസരിച്ചു മേന്മകൂടും, വിലയും. ഇങ്ങനെ നമ്മുടെ പാടശേഖരങ്ങളിലെ ഓരോ നിലവും തിരിച്ചറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു. ഒരു നർമ്മം കുറിക്കട്ടെ.
ആ നിലം എവിടെയാണ്?
അത് കാരയ്ക്കപ്പടവിനടുത്താണ്?
കാരയ്ക്കപ്പടവോ?അതെവിടെയാണ്?
നോണ്ണാട്ടിപ്പടവ് കഴിഞ്ഞാൽ..
നമ്മുടെ പുതുതലമുറയ്ക്ക് എന്ത് മനസിലാകും..?
– ടി സി ഏല്യാസ് മാസ്റ്റർ