HomeHistoricalഈ ഗ്രാമം ഇപ്പോഴും പ്രസിദ്ധം നിരോധിക്കപ്പെട്ട ആ 'തൂക്കം' കൊണ്ട്

ഈ ഗ്രാമം ഇപ്പോഴും പ്രസിദ്ധം നിരോധിക്കപ്പെട്ട ആ ‘തൂക്കം’ കൊണ്ട്

പ്രശാന്തസുന്ദരമായ ഗ്രാമമാണ് എളവൂര്‍. ആലുവ താലൂക്കില്‍ പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെട്ട പ്രദേശം. ‘എളവൂര്‍ തൂക്കം’ ആണ് എളവൂരിനെ പ്രസിദ്ധമാക്കിയത്, ഇപ്പോള്‍ തൂക്കം നിയമംമൂലം നിരോധിച്ചിരിക്കയാണെങ്കിലും.

‘ഊര്’ എന്നത് ‘ഗ്രാമം’ എന്നതിന്റെ തമിഴ്വാക്കാണ്. മലയാളം ഉരുത്തിരിയുന്നതിന് മുമ്പ് ചേരസാമ്രാജ്യകാലത്തും മറ്റും നമ്മുടെ നാട്ടിലും തമിഴ് സംസാരിച്ചിരുന്നു. അക്കാലത്ത് രൂപംകൊണ്ട സ്ഥലപ്പേരുകളില്‍ പലതും ‘ഊരി’ല്‍ അവസാനിക്കുന്നവയാണ്. എളവൂരിന് ആ പേരുണ്ടായതിനെപ്പറ്റി ചരിത്രരേഖകളൊന്നുമില്ല. ഒരു ഐതിഹ്യം മാത്രമാണ് ഇക്കാര്യത്തില്‍ അവലംബം. അതാവട്ടെ, അടുത്തകാലംവരെ ‘തൂക്കം’ നടന്നിരുന്ന എളവൂര്‍ പുത്തന്‍കാവ് ഭഗവതീക്ഷേത്രവുമായി ബന്ധപ്പെട്ടതും.

കൊടുങ്ങല്ലൂരമ്മയുടെ ഭക്തനായ ഒരു പറവൂര്‍ തമ്പുരാന്‍ അമ്മയെ ദര്‍ശിച്ച്, പള്ളിയോടത്തില്‍ മടങ്ങുന്ന വഴി ഇടയ്ക്കിറങ്ങി ഒരു ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്രെ. ക്ഷേത്രത്തിനടുത്ത് ഒരു കാഞ്ഞിരമരച്ചോട്ടില്‍ അദ്ദേഹത്തിന് ഭഗവതിയുടെ ദിവ്യസാന്നിധ്യം അനുഭവപ്പെട്ടുപോലും. അവിടെ തമ്പുരാന്‍ ഒരു അമ്പലം പണിതു. അതാണ് പുത്തന്‍കാവ്. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിനടുത്തുതന്നെയാണിത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഇളയ സഹോദരിയാണ് ഇവിടത്തെ ദേവി എന്ന സങ്കല്പത്തില്‍ ‘ഇളയ സഹോദരിയുടെ ഊര്’ ഇളവൂര്‍ എന്നറിയപ്പെടാന്‍ തുടങ്ങി. പറവൂര്‍ തമ്പുരാന്‍ ക്ഷേത്രത്തിന്റെ ചുമതല ഏല്പിച്ചത് അവണപ്പറമ്പ് തിരുമേനിയെയാണ്.

പുത്തന്‍കാവിലമ്മയ്ക്ക് ആദ്യകാലത്ത് ബലിവഴിപാടായി ‘കോഴിവെട്ട്’ നടത്തിയിരുന്നു. ‘ആള്‍ത്തൂക്ക’വും പ്രാചീനകാലത്തെ ‘നരബലി’യുടെ രൂപാന്തരം തന്നെ. തടിയില്‍ നിര്‍മിച്ച തൂക്കച്ചാടിന്റെ ഇരുമ്പുകൊളുത്ത് തൂക്കക്കാരന്റെ മുതുകിലെ തൊലിയില്‍ കോര്‍ത്ത്, അയാളെ 30 അടിയോളം മുകളിലേക്കുയര്‍ത്തി, കാവിനുചുറ്റും മൂന്നുവട്ടം വലംവയ്ക്കുന്ന ചടങ്ങായിരുന്നു ഇവിടെ നടന്നിരുന്ന ‘തൂക്കം’. ചാടിലേറുന്നയാള്‍ 41 ദിവസം വ്രതം നോല്‍ക്കും. 10 ദിവസം പ്രത്യേക ഔഷധയെണ്ണകൊണ്ട് ശരീരം തിരുമ്മും. ഇത് തൊലിക്ക് കട്ടിയുണ്ടാക്കുമത്രെ. തൂക്കം കഴിഞ്ഞ് ഒരാഴ്ച തൂക്കക്കാരന്‍ ക്ഷേത്രത്തില്‍ത്തന്നെ തങ്ങി, മുറിപ്പാടില്‍ മഞ്ഞള്‍പ്പൊടി പൊത്തി കച്ചകെട്ടിവയ്ക്കും. അങ്ങനെയാണ് മുറിവ് കരിയുക. കൊളുത്ത് കയറ്റുമ്പോള്‍ ചീന്തുന്ന രക്തം ദേവിക്കുള്ള അര്‍ച്ചനയാണെന്നാണ് സങ്കല്പം. ഈ ‘രക്തബലി’ക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, 1987-ലാണ് കേരള സര്‍ക്കാര്‍ തൂക്കം നിരോധിച്ചത്.

2004-ല്‍ തൂക്കം നടത്താന്‍ വീണ്ടും ചിലര്‍ ശ്രമം നടത്തിയെങ്കിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പോലീസ് തൂക്കച്ചാടും മറ്റും കണ്ടുകെട്ടുകയും ചെയ്തു. ദീര്‍ഘകാലം നടത്തിയിരുന്ന അനുഷ്ഠാനത്തിന്റെ സ്മരണയെന്നോണം പഴയ തൂക്കച്ചാടും മറ്റും ഇവിടെ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇപ്പോഴും ചില ക്ഷേത്രങ്ങളില്‍ ‘തൂക്കം’ നടത്താറുണ്ടെങ്കിലും കൊളുത്ത് മുതുകിലെ തൊലിയില്‍ കുത്തിക്കയറ്റുന്ന ഏര്‍പ്പാടില്ല. ശരീര മധ്യത്തില്‍ കച്ച ചുറ്റിക്കെട്ടി അത് കൊളുത്തില്‍ കടത്തിയാണ് ഇപ്പോള്‍ തൂക്കക്കാരനെ തൂക്കാറുള്ളത്.

Content courtesy - mathrubhumi.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments