ഡോ. പൗലോസ് എളവൂർ വിതയത്തിൽ കുടുബാംഗമാണ്. ഇരുപത്തേഴു വർഷം ആസാമിലെ ബദർപൂരിലുള്ള നബിൻചന്ദ്ര കോളേജിലെ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും ആയിട്ടാണ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്. ആസാം സർവകലാശാലയിലെ ഗവേഷണ ഗൈഡും ആയി നിയമിതനായ ഇദ്ദേഹം ഇംഗ്ലീഷിൽ എഴുപതോളം കവിതകളെഴുതി. ഇത് ബംഗാളി, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജപ്പാനിസ്, സ്പാനിഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും, യു.എസ്.എ., ജപ്പാൻ, ആസ്ട്രേലിയ, ചൈന, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ഇംഗ്ലണ്ട് തുടങ്ങിയ 14 രാജ്യങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ഇദ്ദേഹം ഏകസ്വരം പദം കൊണ്ട് മാത്രം എഴുതിയ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കവിതയ്ക്ക് (9600 ഏകസ്വര പാദങ്ങളിൽ 1200 വരികളാണ് ജോയ് ലോസ്റ്റ് എന്ന കവിതയിൽ ഉള്ളത് ) 2010ലും തുടർന്ന് 2013, 15, 16 വർഷങ്ങളിലും ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം തേടി. 2016-ൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കയറി. 2015-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ രണ്ടു റെക്കോർഡും 2021-ൽ എഴുതിയ 1500 വരി ദൈർഘ്യമുള്ള ‘NO MORE‘ എന്ന കവിതയ്ക്ക് ഒരു റെക്കോർഡും ലഭിച്ചു. 2001, 2003 വർഷങ്ങളിൽ ഇറ്റലിയിൽനിന്ന് കവിതയ്ക്ക് ‘ഡിപ്ലോമ ഡി മെരിറ്റോ’ അവാർഡും, ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ‘ശിക്ഷരത്തൻ’ പുരസ്കാരവും ലഭിച്ചു. ആസാമിലെ ബരാക് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
30 രാജ്യങ്ങളിലെ കവികളുടെ കവിത സമാഹരിച്ച് പോയട്രി ആന്തോളജി 7വർഷം എഡിറ്റ് ചെയ്തു. ഇദ്ദേഹത്തിൻറെ ഹോം തൊട്ട്സ്, ജോയി ലോസ്റ്റ്, ദി ലോസ്റ്റ് ഹോം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡിക്ഷ്ണറിയിലെ തെറ്റുകൾ പലവട്ടം തിരുത്തുകയും ഈ സംഭാവനകൾക്ക് അംഗീകാരമായി ഷോർട്ടർ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ആറാം പതിപ്പിൽ ഡോ. പൗലോസിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ നിഘണ്ടുവിലും ഇദ്ദേഹം ചെയ്ത സംഭാവനകൾക്ക് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്.
2017-ൽ റിട്ടയർ ചെയ്തു ഇദ്ദേഹം ഇപ്പോൾ ഏളവൂരിലാണ് താമസം. ആസാമിലെ സെ. ആന്റണീസ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി ഫാൻസി പൗലോസാണ് ഇദ്ദേഹത്തിൻറെ സഹധർമ്മിണി. ജോയ്സ് പോൾ, ജിസ്ന പോൾ എന്നിവർ മക്കളും.