പുളിയനം ഗ്രാമത്തിന്റെ വടക്കു ഭാഗം കുന്നിൻ പ്രദേശമാണ്. അവിടെയുള്ള ചില സ്ഥലനാമങ്ങൾ ഇന്നും പേരായി നിലനിൽക്കുന്നു. തൊട്ടാടിപറമ്പ്(തൊട്ടാവാടി), മയിലാടും പാറ, കാട്ടുചിറ, ഇഞ്ചിപ്പുല്ല് പറമ്പ്, പന്നിത്തടം, മേച്ചേരിക്കുന്ന് എന്നിങ്ങനെ പോകുന്ന പേരുകൾ. കാട്ടുചിറയിൽ കെട്ടിനിൽക്കുന്ന വെള്ളം ഉപയോഗിച്ചാണ് ‘വെള്ളോപ്പാടം’ കൃഷിചെയ്തിരുന്നത്. ഇന്ന് ഇഞ്ചിപ്പുല്ലും, തൊട്ടാവാടിയും മരുന്നിനുപോലും ഇല്ല. ന
മ്മുടെ പൂർവികരുടെ ഒരു കൃഷിയായിരുന്നു ഇഞ്ചിപ്പുല്ല്. അന്ന് പുല്ല് അരിഞ്ഞെടുത്ത് ‘വാറ്റി’ എടുക്കുന്ന വിദ്യ അവർക്കു വശമായിരുന്നു. ഇഞ്ചി പുൽതൈലത്തിന്റെ ഗന്ധം നമുക്കിന്നു കുപ്പികളിൽ മാത്രമാണ് അറിയുവാൻ കഴിയുന്നത്. കുന്നു പ്രേദശമായിരുന്നതിനാൽ മറ്റു കൃഷികൾ ഒന്നുംതന്നെ ഈ പ്രദേശത്തു ഉണ്ടായിരുന്നില്ല. അതിനാൽ ഈ പ്രദേശങ്ങളിൽ കുറ്റിക്കാടുകളും മുൾച്ചെടികളും ധാരാളമായി വളർന്നു പന്തലിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂമനും കുറുക്കനും കാട്ടുപന്നിയും മുയലുമെല്ലാം ഇവിടെ സ്വൈര്യവിഹാരം നടത്തിയിരുന്നു. ഉണ്ടൻ കല്ലുകൾ തങ്ങിനിൽക്കുന്ന കുണ്ടൻ ഇടവഴികളിലൂടെയായിരുന്നു പൂർവ്വികരുടെ സഞ്ചാരം.
മണ്മറഞ്ഞ ഒരു നല്ല കർഷകന്റെ വാക്കുകൾ ഇവിടെ കുറിക്കുന്നു; “പാമ്പിന് കാലും ചെകുത്താന് നെഞ്ചും കൊടുത്തുകൊണ്ടാണ് കാട്ടുചിറയിൽ നിന്നും വെള്ളം തിരിക്കാൻ പോയിരുന്നത്; വെള്ളോപ്പാടത്തു പൊന്നു വിളയിക്കാൻ” ആ കർഷകസുഹൃത്തുക്കളെയെല്ലാം നമിക്കുന്നു.
– ടി സി ഏല്യാസ് മാസ്റ്റർ