‘പുളിവനം’, ‘പുലിവനം’ ഈ രണ്ട് പദങ്ങൾ സ്ഥലനാമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് എന്റെ ആത്മസുഹൃത്തായ ‘സ്നേഹസാംസ്കാരിക കേന്ദ്രം’ ഡയറക്ടർ, നമ്മിൽ നിന്നും വേർപെട്ട ശ്രീ. എസ്. ഒ. ദേവസ്സി സംഘടിപ്പിച്ച ഒരു കൂട്ടായ്മയിൽ അദ്ദേഹം ‘വാളൻ പുളിയുടെ‘ തൈകൾ സമ്മാനിക്കുകയുണ്ടായി; അതോടൊപ്പം പങ്കുവെച്ച ഒരു കാര്യം ഓർക്കുന്നു. ഒരുകാലത്ത് ധാരാളം പുളിമരങ്ങൾ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു എന്നും, വനത്തിന്റെ പ്രതീതി ഉളവാക്കിയിരുന്നതിനാൽ ‘പുളിവനം’ എന്ന് പേരായി എന്നും, ആ പേര് പിന്നീട് പുളിയനം ആയി എന്നും കേൾക്കുവാൻ ഇടയായി.
മറ്റൊരു പേര് ‘പുലിവനം‘ ആണ്. ഈ സാധ്യതയും തള്ളിക്കളയാനാവില്ല. പുളിയനത്തിന്റെ കിഴക്കേ അതിർത്തിയായ പുളിയനം റബ്ബർ ഉത്പ്പാദകസംഘത്തിനോട് ചേർന്ന്, ഇപ്പോൾ പീച്ചാനിക്കാട് പ്രദേശത്തു ഒരു സ്ഥലം ‘പുലിക്കല്ല്‘ എന്നാണ് അറിയപ്പെടുന്നത്. ഉയർന്നു നിൽക്കുന്ന ആ വലിയ പാറ ഇപ്പോഴുമുണ്ട്. ആ പാറയിടുക്കിൽ ‘പുലിമട ‘കണ്ടവരുണ്ടത്രേ! പുലിയും കുഞ്ഞുങ്ങളും കിടക്കുന്ന കാഴ്ച കണ്ടവർ വിളിച്ച പേരാണ് ‘പുലിക്കല്ല്’. നമ്മുക്ക് ഒരു കാര്യം തീർച്ചയാക്കാം; ആനയും, പുലിയും വിഹരിച്ചിരുന്ന ഒരു വനപ്രദേശമായിരുന്നു നമ്മുടെ ഗ്രാമം. സഹ്യന്റെ ഭാഗം, പീച്ചാനിക്കാട് എന്ന് വിളിപ്പേര് വന്നത് ആനക്കാടിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. പുലിവനം പിന്നീട് പുളിയനം ആയി മാറിയതാകാം.
എന്റെ പ്രിയ സുഹൃത്ത് സമ്മാനിച്ച പുളിമരത്തിന്റെ തയ്യ് ഞാൻ നട്ടു. ഇന്ന് വളർന്നു വലുതായി നിൽക്കുന്നു; ഗ്രാമത്തിന്റെയും, സതീർത്ഥ്യന്റെയും ഓർമ്മക്കായി.
– ടി സി ഏല്യാസ് മാസ്റ്റർ