കരിങ്കല്ലിന് പേരുകേട്ട സ്ഥലമാണ് പുളിയനം. ‘പുളിയനം കല്ല്’ പ്രസിദ്ധമാണ്. മാമ്പ്ര, പുളിയനം തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം പാറകൾ ഉണ്ടായിരുന്നു. ഇവിടത്തെ കരിങ്കല്ല് ഉപയോഗിച്ചാണ് പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ശിലാശില്പങ്ങളും നിർമിച്ചിട്ടുള്ളത്. വിഗ്രഹനിർമാണത്തിനുപയോഗിക്കുന്ന നീലക്കല്ല് ഇവിടെ നിന്നാണ് എടുത്തിരുന്നത്.
ഒരുകാലത്ത് അമ്പതോളം പാറമടകൾ ഉണ്ടായിരുന്നു ഇവിടെ. എന്നാൽ, ഇപ്പോൾ കഷ്ടിച്ച് ഒന്നോ രണ്ടോ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. റോഡുപണിക്ക് മെറ്റൽ ആവശ്യമായി വന്നതോടെ കല്ലിന് വലിയ ഡിമാൻഡായി. പുളിയനത്ത് നിന്ന് കല്ലുകയറ്റിയ ലോറികൾ നിരനിരയായി പുറത്തേക്കൊഴുകാൻ തുടങ്ങി. നെല്ലിനെക്കാൾ പണം തരുന്നത് കല്ലാണെന്ന് നാട്ടുകാർ അറിഞ്ഞു. കാലാന്തരത്തിൽ പാറക്കുന്നുകൾ കല്ലെടുത്ത് കല്ലെടുത്ത് ഇല്ലാതായി. ‘നെല്ലുമില്ല, കല്ലുമില്ല…’ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.