എളവൂര്‍ സെന്റ് ആന്റണീസ് കുന്നേല്‍ പള്ളിയുടെ മുന്‍പില്‍ ഇപ്പോള്‍ മനോഹരമായ ഒരു കപ്പേള ഉണ്ട്. ജീവിതത്തില്‍ സംഭവിച്ച അത്ഭുതകരമായ ചില മാറ്റങ്ങള്‍ക്കുള്ള നന്ദി പറച്ചിലായി അത് നിര്‍മ്മിച്ചു കൊടുത്തത് ഹിന്ദുമത വിശ്വാസിയായ രാജനാണ്.
2017 ഫെബ്രുവരി 12 ഞായറാഴ്ച ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കപ്പേളയുടെ വെഞ്ചിരിപ്പ് നടത്തി. തദവസരത്തില്‍, ഹൈന്ദവനായ രാജന്‍ തനിക്കും കുടുംബത്തിനും ലഭിച്ച അനുഗ്രഹങ്ങള്‍ ഇടവക ജനങ്ങളോട് പങ്കു വച്ചു. തികഞ്ഞ മദ്യപാനിയായിരുന്ന തന്നെയും, അതുമൂലം തകര്‍ച്ചയുടെ വക്കില്‍ വരെയെത്തിയ കുടുംബത്തെയുംരക്ഷിച്ചത് ഇടവക മധ്യസ്ഥനായ വി.അന്തോണീസിന്‍റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ഥിച്ചതു മൂലമാണെന്ന് രാജന്‍ പറയുന്നു. മകള്‍ ശരണ്യക്ക് വിദേശത്ത് ജോലി ശരിയായതും പെട്ടെന്നാണ്.
ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായി പള്ളിയുടെ മുന്‍പില്‍ വി. അന്തോനീസിന്റെ ഒരു കപ്പേള നിര്‍മ്മിക്കാനുള്ള ആഗ്രഹവുമായി രാജന്‍ സ്വമേധയാ വികാരിയച്ചനെ സമീപിക്കുകയായിരുന്നു. വലിയ സാമ്പത്തീക ശേഷിയില്ലാത്ത രാജന്‍റെ ഈ വലിയ ആഗ്രഹം വികാരി ഫാ. തോമസ് നരികുളം ‘മാതൃകാപരമെന്ന്’ വിശേഷിച്ചപ്പോള്‍, ഒരു മാസം കൊണ്ട് പള്ളിക്ക് മുന്‍പില്‍ മനോഹരമായ ഒരു കൊച്ചു കപ്പേള പൊങ്ങി; മതസൗഹാര്‍ദ്ദത്തിന്‍റെ ഒരു സ്മാരകം! രാജന്‍റെ ഭാര്യ ശാരദ, മക്കള്‍ ശരത്, ശരണ്യ.