ആധുനിക പരിഷ്കാരത്തിൻ്റെ അതിപ്രസരം മനുഷ്യ ചിന്തയെപ്പോലും കലുഷിതമാക്കുന്ന ഒരു യാന്ത്രിക കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നതിൻ്റെ തെളിവാണ് എളവൂർ സെൻ്റ് ആൻ്റണീസ് ദേവാലയം. മനുഷ്യൻ്റെ വേരുകൾ കണ്ടെത്തുന്നതിന് എന്നും ദേവാലയം തുണയാണ്. അവയുമായി ബന്ധപ്പെട്ടതാണ് മനുഷ്യൻ്റെ ചരിത്രവും സംസ്കാരവും. എറണാകുളം ജില്ലയുടെ വടക്കേയറ്റത്ത് അങ്കമാലിയിൽ നിന്ന് എട്ടുകിലോമീറ്റർ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു. എളവൂരിലെ ഏറ്റവും ഉയർന്ന പ്രദേശത്താണ് ദേവാലയം നിലകൊള്ളുന്നത്. പടിഞ്ഞാറു ഭാഗത്തായി ചാലക്കുടിപ്പുഴ ഒഴുകി നീങ്ങുന്നു. വിശുദ്ധ അന്തോണീസിൻ്റെ നാമത്തിലുള്ള ഈ ദേവാലയം ഇവിടത്തെ പൂർവ്വികരുടെ ക്രൈസ്തവ വിശ്വാസത്തിൻ്റേയും മതസൗഹൃദത്തിൻ്റെയും പ്രതീകമാണ്.
എളവൂരിലെ ജനങ്ങൾ വിശുദ്ധ കുർബ്ബനയിൽ പങ്കെടുക്കുവാൻ മൂഴിക്കുളം ഫൊറോന പള്ളിയിലാണ് പോയിരുന്നത്. മൂഴിക്കുളം പള്ളി സന്ദർശനത്തിന് വന്ന തൃശൂർ മെത്രാൻ യോഹന്നാൻ മേനാച്ചേരി തിരുമേനിയെ പള്ളി പണിയുവാൻ ഉദ്ദേശിക്കുന്ന ചെട്ടിക്കുന്നിൽ കൊണ്ടുവന്നു. തിരുമേനി പള്ളി പണിയുവാൻ അനുവാദം നൽകി. എന്നാൽ സാമ്പത്തിക പരാധീനത മൂലം പള്ളി പണിയുവാൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞ് തിരുവിതാംകൂർ സംസ്ഥാനത്ത് സർവ്വേയും ഭൂപരിഷ്കരണങ്ങളും ആരംഭിച്ച കാലത്ത് ദേവാലയം സ്ഥാപിക്കാൻ താല്പര്യമുണ്ടായിരുന്ന ചില വ്യക്തികൾ ഇന്നത്തെ പള്ളിയിരിക്കുന്ന 10 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും പതിപ്പിച്ചെടുത്തു. 1924-ൽ ജോൺ പള്ളിയാൻ അച്ചൻ ചെട്ടിക്കുന്നിൽ വിശുദ്ധ അന്തോണീസിൻ്റെ നാമത്തിൽ ഒരു കപ്പേള പണി കഴിപ്പിച്ചു. 1937 ഒക്ടോബർ 28 ന് ചെട്ടിക്കുന്ന് കപ്പേള എളവൂർ കുന്നേൽ പള്ളിയായി ഉയർത്തി. അബ്രാഹം പടയാട്ടിൽ അച്ചൻ വികാരിയായി വന്നപ്പോൾ എളവൂരിൽ വൈദ്യുതി എത്തിക്കുകയും വിദേശത്തു നിന്നും ലഭിച്ച ഗോതമ്പ് കൂലിയായി കൊടുത്ത് എളവൂർ ഇടവകയുടെ നാലുഭാഗത്തും ഇന്നുള്ള പ്രധാന റോഡുകൾ നിർമ്മിക്കുകയും ചെയ്തു.
സെബാസ്റ്റ്യൻ പാലാട്ടിയച്ചൻ വികാരിയായി വന്നപ്പോൾ മുഴുവൻ ഇടവക ജനങ്ങൾക്കും തിരുക്കർമ്മങ്ങളിൽ ഒരുമിച്ച് പങ്കെടുക്കുവാൻ സ്ഥലസൗകര്യം ഇല്ലാത്തതു കൊണ്ട് പുതിയ ദേവാലയം നിർമ്മിക്കാൻ തീരുമാനിച്ചു. ബഹു. വികാരി സെബാസ്റ്റ്യൻ പാലാട്ടിയച്ചൻ്റെ നേതൃത്വത്തിൽ എസ്.ഡി ജോസ് കൺവീനറും കൈക്കാരന്മാരായ പാപ്പച്ചൻ മണവാളൻ, ആൻ്റണി പാനികുളം, കെ.പി ജോസ് എന്നീവർ ഉൾക്കൊള്ളുന്ന 31 അംഗ കമ്മിറ്റി ദേവാലയ നിർമ്മാണത്തിനായി തിരഞ്ഞെടുത്തു. 1996 ആഗസ്റ്റ് 4 ന് അന്നത്തെ എറണാകുളം അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്ത് ശിലാസ്ഥാപനം നടത്തി. 2000 ജനുവരി ഒന്നാം തിയതി സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ മാർ വർക്കി വിതയത്തിൽ പുതിയ ദേവാലയത്തിൻ്റെ ആശീർവാദം നടത്തി.
എളവൂർ ഇടവകയിൽ ഇന്ന് ആയിരത്തോളം കുടുംബങ്ങൾ ഉണ്ട്. ദൈവവിളിയിൽ ധന്യമായ എളവൂർ ഇടവകയിൽ നിന്നുള്ള 21 വൈദികരും ഒരു ബ്രദറും 130 സിസ്റ്റേഴ്സും ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ സേവനം ചെയ്യുന്നു.