HomePersonalitiesപുളിയനം പൗലോസ്- അരങ്ങിന്റെ ചൂടിൽ നാലുപതിറ്റാണ്ട്‌

പുളിയനം പൗലോസ്- അരങ്ങിന്റെ ചൂടിൽ നാലുപതിറ്റാണ്ട്‌

അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട‌് ചേർത്തുപിടിച്ച‌് ജീവിച്ച‌ കൊച്ചു പൗലോസ‌് എന്ന പുളിയനം പൗലോസിന്റെ ഓരോ വാക്കിലും ഈ പ്രസ്ഥാനത്തോടുള്ള അഭിനിവേശം ഇന്നും നിറഞ്ഞുനിൽക്കുന്നു. നടൻ, സംവിധായകൻ, നാടകകൃത്ത‌് തുടങ്ങിയ രംഗങ്ങളിൽ തിളക്കമാർന്ന 45 വർഷങ്ങൾ പിന്നിടുമ്പോൾ പുളിയനം പൗലോസിന‌് സംതൃപ‌്തിമാത്രം.

കുട്ടിക്കാലംമുതലേ നാടകം ഇഷ്ടമായിരുന്നു. നാടകമേതെങ്കിലും കണ്ടുപോയാൽ പിറ്റേന്ന‌് അതനുകരിക്കുന്നത‌് ശീലമായി. സാരികൊണ്ട‌് കർട്ടൻ ഒരുക്കി കൂട്ടുകാരെ വിളിച്ചുകൂട്ടി നാടകത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക പതിവായിരുന്നു.
കൗമാരംതൊട്ട‌് ഏകാങ്കനാടക മത്സരങ്ങളിൽ പങ്കെടുക്കുന്നത‌് പതിവായി. നാട്ടിലെ കലാസമിതി വാർഷികങ്ങളിൽ സ്ഥിരം നടനെന്ന അംഗീകാരവുമായി. മാത്യു ഇടമറ്റത്തിന്റെ ‘രാജധാനി’ നാടകത്തിൽ ഫാ. മാത്യുവിനെ അവതരിപ്പിച്ചതോടെ പ്രശംസകളായി. ഇതോടെയാണ‌് പ്രൊഫഷണൽ നാടകനടനാകണമെന്ന മോഹം മനസ്സിൽ കുരുത്തത‌്. ഭാഗ്യാന്വേഷിയായി കുറെയേറെ അലഞ്ഞു. ഗീഥാ, മാളവിക തുടങ്ങിയ ട്രൂപ്പുകളിൽ അവസരം വാഗ‌്ദാനം ചെയ‌്തെങ്കിലും നടന്നില്ല. അതോടെ വാശിയായി. അങ്ങനെയാണ‌് സ്വന്തമായി അങ്കമാലി പൗർണമി എന്ന പേരിൽ 1980ൽ ട്രൂപ്പിന‌് രൂപംനൽകിയത‌്. ആദ്യനാടകം ‘ശരറാന്തലാ’യിരുന്നു. ഡോ. ജയന്റെ വേഷമിട്ടത‌് പുളിയനമായിരുന്നു.

തുടർന്ന‌് അഭിമുഖം, അരക്കില്ലം, തീർഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറി‌സ‌്റ്റ‌് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക‌്, മണിക്കിരീടം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. 20 വർഷംകൊണ്ട‌് 3500ൽപ്പരം വേദികളിലാണ‌് ‘പൗർണമി’ നാടകം അവതരിപ്പിച്ചത‌്. കൊടിമരം മുതൽ പൗർണമിയുടെ എല്ലാ നാടകങ്ങളും സംവിധാനംചെയ‌്തത‌് പുളിയനമായിരുന്നു. നാടകാചാര്യൻ എൻ എൻ പിള്ളയുടെ നാടകദർപ്പണം, കർട്ടൻ എന്നീ പുസ‌്തകങ്ങൾ സംവിധാനകല പഠിക്കാൻ തനിക്ക‌് ഏറെ സഹായകമായതായി പൗലോസ‌് പറയുന്നു. ആദ്യം സംവിധാനംചെയ‌്ത നാടകത്തിന‌ുതന്നെ മധ്യകേരളത്തിലെ ഏറ്റവും വലിയ നാടകപുരസ‌്കാരമായ ‘കോണ്ടസ‌്’ അവാർഡ‌് ലഭിച്ചു. 2015ൽ ഗുരുപൂജ പുരസ‌്കാരം നൽകി സർക്കാർ ആദരിച്ചു. സാംസ‌്കാരികവകുപ്പിന്റെ നരേന്ദ്രപ്രസാദ‌് നാടകപഠനകേന്ദ്രത്തിന്റെ അഭിനയപുരസ‌്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട‌്.

തീവ്രവാദി യതീന്ദ്രദാസ‌്, ഏകലവ്യനിലെ ദ്രോണാചാര്യർ, കൊടിമരത്തിലെ സീരിയൽ കോമഡി വേഷമായ സുൽത്താൻ, മണിക്കിരീടത്തിലെ ആനക്കാരൻ എന്നിവയാണ‌് അഭിനയിച്ച വേഷങ്ങളിൽ മനസ്സിനിണങ്ങിയ കഥാപാത്രങ്ങളെന്ന‌് അദ്ദേഹം പറയുന്നു. പൊൻകുന്നം വർക്കി, എ എൻ ഗണേഷ‌്, ശ്രീമൂലനഗരം മോഹൻ, അഡ്വ. മണിലാൽ, ബാബു പള്ളാശേരി, ജോൺ ഫെർണാണ്ടസ‌് എംഎൽഎ തുടങ്ങിയവരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട‌്. വർഗീ‌സ‌് കാട്ടിപ്പറമ്പൻ, എൻ എഫ‌് വർഗീസ‌്, എം കെ വാര്യർ, ടി എം അബ്രഹാം, ജി എ ജോസ‌്, ജോർജ‌് വട്ടോലി, ജോസ‌് അമ്പൂക്കൻ, കാഞ്ഞൂർ മത്തായി തുടങ്ങിയവരോടൊത്ത‌് വേദി പങ്കിട്ടു.

സിനിമ-സീരിയൽ രംഗത്തും ചെറിയ വേഷങ്ങൾ ചെയ്യാനായി. ബ്ലെസ‌ി സംവിധാനം ചെയ‌്ത മമ്മൂട്ടിയുടെ കാഴ‌്ച, ലാൽജോസിന്റെ വെളിപാടിന്റെ പുസ‌്തകം, തട്ടുംപുറത്ത‌് അച്ചുതൻ, സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട‌്. ഇനി സിനിമയിൽ നല്ല വേഷങ്ങൾ പ്രതീക്ഷിക്കുന്നുണ്ട‌്. സുശീലയാണ‌് ഭാര്യ. സുമി, സുധി, സുജി എന്നിവർ മക്കളാണ‌്.

Content courtesy: deshabhimani.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments