HomeEducationalചിട്ടി നടത്തിയും പിടിയരി പിരിച്ചും നിർമ്മിച്ച പുളിയനത്തെ എൽ. പി. സ്കൂൾ!

ചിട്ടി നടത്തിയും പിടിയരി പിരിച്ചും നിർമ്മിച്ച പുളിയനത്തെ എൽ. പി. സ്കൂൾ!

എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് പുളിയനം ഗ്രാമം. ഒരു നൂറ്റാണ്ടിനു മുൻപ് വിദ്യാഭ്യാസം അധികം കടന്നു ചെല്ലാത്ത കൊച്ചു ഗ്രാമം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പുളിയനം നിവാസികളായ ഏതാനും പേർ പുളിയനത്ത് ഒരു വിദ്യാലയം വേണമെന്ന ആവശ്യവുമായി മൂഴിക്കുളം സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫ്രാൻസീസ് ചിറ്റേഴത്തച്ചനെ സമീപിച്ചു. ഈ സമയം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന മഹത്തായ ആശയം ഈ ഇടവകയുമായി ബന്ധപ്പെട്ടു നടപ്പിലാക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമം അച്ചൻ അവരുമായി പങ്കുവച്ചു. പത്തും പതിനാറും വയസ്സായിട്ടും തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടില്ലെന്നും അച്ചൻ മുന്നിട്ടിറങ്ങിയാൽ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകി തങ്ങൾ ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പു നൽകി. നിരന്തരമായ ഇവരുടെ ആവശ്യവും ഉൽസാഹവും കണ്ട വികാരിയച്ചൻ പുളിയനത്തൊരു വിദ്യാലയത്തിന് അനുമതി നൽകി അവരോടൊപ്പം ചേർന്നു. ശ്രീ. പെരേപ്പാടൻ പൗലോ പൈലി ദാനമായി നൽകിയ 56 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചിട്ടി നടത്തിയും പിടിയരി പിരിച്ചും ശ്രമദാനമായുമെല്ലാം 1915 ൽ രണ്ട് ക്ലാസുകൾ മാത്രമുള്ള സെന്റ് ഫ്രാൻസീസ് സ്കൂൾ സ്ഥാപിതമായി. അറിവിലൂടെ ഉന്നതി നേടാനായി മനസ്സിൽ നന്മ നിറഞ്ഞ പൂർവികർ കൊളുത്തിയ മാർഗദീപത്തിന്റെ ആരംഭം.

1915 ൽ സ്ഥാപിതമായെങ്കിലും 1930 ലാണ് നാല് ക്ലാസ്സ് മുറികളുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഈ വിദ്യാലയം മാറിയത്. 1937 ൽ എളവൂർ സെന്റ് ആന്റണീസ് പള്ളിസ്ഥാപിതമാവുകയും മൂഴിക്കുളം പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം എളവൂർ പള്ളിക്ക് കൈമാറുകയും ചെയ്തു. 1915 മുതൽ 1957 വരെ പ്രധാനാധ്യാപകനായി സേവനം ചെയ്തത് പറവൂർ എഴിക്കര സ്വദേശിയായ ശ്രീ.കെ. എ. കൃഷ്ണപ്പിള്ള സാർ ആയിരുന്നു. ഈ കാലയളവിൽ ചാക്കോ സാർ, കണ്ടുണ്ണി സാർ , പി.എ ലോനപ്പൻ സാർ, അയ്യപ്പൻ പിള്ള സാർ , പി.എം. മേരി ടീച്ചർ, ജോസഫ് സാർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായെത്തി. തുടർന്ന് നിരവധി അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.

സ്‌കൂളിന്റെ പഴയ ഫോട്ടോ

2008 ൽ കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം പുതിയ കെട്ടിടം നിർമിക്കേണ്ടത് ആവശ്യമായി വന്നു. മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ തോട്ടുങ്കലിന്റെയും കൺവീനർ ശ്രീ. പുളിയനം പൗലോസിന്റേയും നേതൃത്വത്തിലുള്ള സ്കൂൾ പുനർനിർമാണ കമ്മറ്റിയുടെ ശ്രമഫലമായി ഇന്ന് നാം കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. കെട്ടിടത്തിന്റെ നിർമാണച്ചിലവ് പൂർവവിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരാണ് സംഭാവന ചെയ്തത്. 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 106 വയസ്സായ ഈ അക്ഷരമുത്തശ്ശി നാടിനാകെ നന്മപകരുന്ന പൂമരമായി ഇന്നും നിലകൊള്ളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments