കൃഷിപാഠം – കർഷകമൊഴിമുത്തുകൾ
ചാലക്കുടി ഇടതുകര കനാൽ വരുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ ഇരുപ്പൂ കൃഷിയാണ് ഉണ്ടായിരുന്നത്- ‘വിരിപ്പ്’ ‘മുണ്ടകൻ’. ഇടതുകര കനാൽ യാഥാർഥ്യമായതോടെ ‘കന്നിപ്പൂ’, ‘മകരപ്പൂ’, ‘മേടപ്പൂ’ (കന്നി, മകരം, മേടം) എന്നിങ്ങനെ മൂന്ന് വിള നെൽകൃഷി ആരംഭിച്ചു. ഇതിൽ ഒന്നാമത്തെ വിള ‘ചേറ്റുവിത’ എന്നപേരിലും അറിയപ്പെടുന്നു. ചേറ്റിൽ വിതയ്ക്കുക എന്നാണ് പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. മൺസൂൺ ആരംഭത്തിൽ(ജൂൺ) കൃഷിയിറക്കും. ഒരു ദിവെള്ളത്തിൽ ഇട്ട് കുതിർത്ത നെൽവിത്ത് വെള്ളം വാർന്നു പോകുന്ന ഈറ്റകുട്ടയിൽ ശേഖരിച്ച് അതിനു മുകളിൽ വൈക്കോൽ, പപ്പായ ഇല എന്നിവകൊണ്ട് മൂടിവെയ്ക്കും വിത്തിന് ചൂട് ലഭിക്കാൻ. മൂന്നാം നാൾ വിത്തെല്ലാം ‘കുറുമുള’ പൊട്ടും. ഈ വിത്താണ് വിതയ്ക്കുന്നത്. വിത കഴിഞ്ഞാൽ അഞ്ചു ദിവസം ‘കണ്ടത്തിന്റെ’ മുറി കെട്ടി വെള്ളം തടഞ്ഞു നിർത്തും. എത്ര മഴ കോരി ചൊരിഞ്ഞാലും വിത്തിനു സ്ഥാനചലനം ഉണ്ടാവില്ല. അഞ്ചാം ദിവസം ആകാംക്ഷയോടെ എല്ലാ കർഷകരും പാടവരമ്പിൽ എത്തും. കെട്ടിനിർത്തിയ വെള്ളം കുറേശ്ശെയായി തുറന്നുവിടും. കുറച്ചു സമയം കഴിഞ്ഞ് അവർ വരമ്പിൽ ഇരുന്ന് കണ്ടം മുഴുവനായി വീക്ഷിക്കും. അപ്പോൾ ‘പഞ്ച’ കാണുന്നുണ്ടെങ്കിൽ ആശ്വാസമായി. വിത്ത് മുള നീണ്ട് വരുന്ന ഈ കൂമ്പിനെയാണ് ‘പഞ്ച ‘എന്ന് വിളിക്കുന്നത്. അന്ന് ‘പഞ്ച’ കാണാത്തക്ക വിധത്തിൽ വെള്ളം ക്രമീകരിക്കും.
ആറാം ദിവസം വളരെ പ്രധാനപ്പെട്ടതാണ്. അന്ന് അറിഞ്ഞുതാഴ്ത്തേണ്ട ദിവസമാണ്. എന്നു വച്ചാൽ വെള്ളത്തിന്റെ നില വളരെ താഴ്ത്തണം. എങ്കിൽ മാത്രമേ വിത്ത് നിലത്തിൽ ഉറയ്ക്കു. എന്നാൽ ‘കണ്ടം’ പൂർണ്ണമായും വറ്റാൻ പാടില്ല. വറ്റിയാൽ മഴ കൊണ്ട് വിത്തിന്റെ മൂട് ഇളകും. ഏതെങ്കിലും കർഷകന് പാടത്ത് വരാൻ കഴിയാതെ പോയാൽ മറ്റു കർഷക സുഹൃത്തുക്കൾ അയാളുടെ കണ്ടവും നോക്കി പരിപാലിക്കും. എത്ര നല്ല കാർഷിക കൂട്ടായ്മാ! ഏഴാംനാൾ എഴുന്ന പോകുന്ന ദിവസമാണ്. അന്ന് തിരുവാതിര ഞാറ്റുവേല തിമിർത്തു പെയ്താൽ കർഷകന് ദുരിതമാണ്. അന്ന് അവർ പാടവരമ്പിൽ ഇരുന്ന് ‘വളരുന്ന പഞ്ച’ മുങ്ങിപോകാതെ സംരക്ഷിക്കും. ഇനി ആശ്വാസ നാളുകളാണ്. ബാലാരിഷ്ടത പിന്നിട്ടു.
എന്നെ വളരെയധികം സ്നേഹിച്ചിരുന്ന, ഞാൻ ഏറെ ആദരിച്ചിരുന്ന പ്പൊയി (റാഫേൽ) എന്ന കർഷകൻ എന്നോട് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ സ്നേഹസ്മരണയ്ക്കായി കുറിക്കട്ടെ. “മൊനെ ഇന്ന് എട്ടല്ലേ,അഞ്ചിൽ പഞ്ച കാണും,ആറിൽ അറിഞ്ഞു താഴ്ത്തണം,ഏഴിൽ എഴുന്നു പോകും ഇനി പേടിക്കാനില്ല” അനുഭവം അതല്ലേ എല്ലാം.