അടയ്ക്കാ കൃഷി മുഖ്യവരുമാന സ്രോതസ്സായിരുന്നു. പുളിയനത്തും എളവൂരും വട്ടപ്പറമ്പിലുമൊക്കെ അന്ന് അടയ്ക്ക ഉണക്കിയെടുക്കുന്ന കേന്ദ്രങ്ങൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. തോടുകളഞ്ഞ അടയ്ക്ക വെള്ളത്തിലിട്ട് വേവിച്ച്, പനമ്പിൽ നിരത്തി, വെയിലത്ത് ഉണക്കിയെടുക്കുന്നു.
ടൺ കണക്കിന് ഉണക്കടയ്ക്ക പലേടത്തും കുന്നുകൂട്ടിയിട്ടിരുന്നത് അന്നൊക്കെ നിത്യകാഴ്ചയായിരുന്നു. അടയ്ക്കസംസ്കരണ കേന്ദ്രങ്ങൾ ‘പൈങ്ങപ്പന്തൽ’ എന്നാണ് അന്നൊക്കെ അറിയപ്പെട്ടിരുന്നത്. ഉണക്കപ്പാക്ക് പായയ്ക്കകത്ത് കെട്ടി ചാക്കുകളിലാക്കി തുന്നും. അതിനുശേഷം, കാളവണ്ടികളിൽ കയറ്റി അടുക്കിയടുക്കിവച്ചാണ് ചാക്കുകൾ തൃശ്ശൂരിലും കുന്നംകുളത്തുമുള്ള അടയ്ക്കാ കമ്പോളങ്ങളിലേക്ക് എത്തിക്കുക.