അങ്കമാലി നിയോജകമണ്ഡലത്തിലെ പടിഞ്ഞാറേ അറ്റത്തുള്ള പഞ്ചായത്തിലെ എളവൂർ പുത്തൻകാവ് ക്ഷേത്രത്തിൽ വര്ഷങ്ങളായി നടന്നുവന്നിരുന്ന ഒരു ആചാരമാണ് തൂക്കം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തൂക്കം നടത്തിയിരുന്നു. ക്രെയിനിൻ്റെ ആകൃതിയിൽ ഉള്ള തൂക്ക ചാടിൽ തൂങ്ങുന്ന ആളുടെ അരയിൽ കച്ചകെട്ടി, ആ കച്ചയിൽ ചാടിന്റെ കൊളുത്തുകൾ കോർത്ത് ആളെ ഉയർത്തി ക്ഷേത്രത്തിനു വലംവെക്കുന്നു. പക്ഷെ പുത്തൻകാവിൽ മാത്രം തൂക്കം നടത്തുന്ന ആൾ നാല്പത്തൊന്നു ദിവസം വൃതമെടുത്ത്, പുറത്തു എണ്ണയിട്ട് ചവിട്ടി തിരുമ്മി, പുറത്തെ തൊലി പതംവരുത്തി ആ തൊലിയിൽ ചാടിൻറെ രണ്ടു കുളത്തുകൾ കോർത്ത് വിഷുകഴിഞ്ഞു പത്താമുദയത്തിനു നൂറുകണക്കിന് ആളുകളുടെ ശരണംവിളിയോടെ നിരവധി പേർ ചേർന്നു തൂക്കചാടുയർത്തി അമ്പലത്തിനു ചുറ്റും മൂന്നുവട്ടം വലംവെച്ചു ചാട് നിലത്തിറക്കുന്നു. കർമ്മങ്ങളോടെ പുറത്തുനിന്നു കുളത്തു വേർപെടുത്തി അവിടം മഞ്ഞള്പൊടികൊണ്ടു മൂടുന്നു.
1987 ൽ സ്വാമി ഭൂമാനന്ദ തീർത്ഥയുടെ നേതൃത്വത്തിൽ ക്ഷേത്രനടയിൽ നടക്കുന്ന ഈ ആചാരത്തിനെതിരെ ശബ്‍ദമുയർത്തി തൂക്കം തടയാനുള്ള ശ്രമം നടന്നു. ഇതു വലിയ വാർത്തയായി. വിദേശികൾ ഉൾപ്പെടെ വൻജനാവലി ആ വർഷത്തെ തൂക്കം കാണാൻ എത്തിയിരുന്നു. പോലീസ് പ്രൊട്ടക്ഷനോടെയാണ് അന്ന് തൂക്കം നടന്നത്. അതിനു ശേഷം ഇന്ന് വരെ തൂക്കം നടന്നട്ടില്ല. ഇപ്പോൾ പത്താമുദയം നാളിൽ തൂക്കത്തിനുപകരം പുഷപാഭിഷേകമാണ് നടത്തപെടുന്നത്. പറവൂർ രാജാവിന്റെ അതീനതയിൽ ആയിരുന്ന ഈ ക്ഷേത്രത്തിൽ പാറക്കടവിൽ താമസിക്കുന്ന രാജകുടുംബത്തിൽ പെട്ടവർ ഇപ്പോഴും തൂക്കവുമായി ബന്ധപെട്ട് ഈ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും, പത്താമുദയത്തിന് ആ കുടുംബത്തിലെ പുരുഷ പ്രജയുടെ അനുജ്ഞ ഇപ്പോഴും വാങ്ങുകയും ചെയുന്നു.