പ്രശസ്ത ഗ്രന്ഥകാരനും വാഗ്മിയുമായിരുന്നു ഡോ. പോൾ മണവാളൻ. 1935 ഒക്ടോബർ 9 ന് ഇളവൂർ സെന്റ് ആന്റണി ഇടവകയിൽ മണവാളൻ മാത്യു, മറിയം എന്നിവരുടെ 9 മക്കളിൽ രണ്ടാമനായി ജനിച്ചു. അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം 1954 ൽ എറണാകുളം അതിരൂപതയുടെ പെറ്റി സെമിനാരിയിൽ ചേർന്നു. പെറ്റിസെമിനാരിയിലെ പരിശീലനത്തിനു ശേഷം 1956 ൽ ആലുവ കാർമ്മൽഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും 1959 ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ തിയോളജി പഠനവും ആരംഭിച്ചു. ഭാഗ്യസ്മരണാർഹനായ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ കൈവയ്പ്പു ശുശ്രൂഷവഴി 1963 മാർച്ച് 10 ന് തിരുപട്ടം സ്വീകരിച്ചു.
1963 ൽ പറവൂർ കോട്ടയ്ക്കാവ് ഫൊറോനാ പള്ളിയിലും, അങ്കമാലി ഫൊറോനാ പള്ളിയിലും അസിസ്റ്റന്റ് വികാരിയായും; ചേരാനല്ലൂർ വെസ്റ്റ് (1964), തൃക്കാക്കര – കാർഡിനൽ നഗർ (1970), കാക്കനാട് (1975), ചങ്ങമ്പുഴ നഗർ (1983), NGO Quarters (1983), ചെങ്ങമനാട് (2004), മംഗലപ്പുഴ (2006), എന്നിവിടങ്ങളിൽ വികാരിയായും; കൊരട്ടി ഫൊറോനാ (2012), ഇടപ്പള്ളി ഫൊറോനാ (2014) എന്നിവിടങ്ങളിൽ റസിഡന്റ് പ്രീസ്റ്റ് ആയും സേവനം ചെയ്തു.
2018 ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകീട്ട് ഇളവൂർ സെന്റ് ആന്റണീസ് പള്ളിയിലെ ഇടവക തിരുന്നാളിനൊരുക്കമായ നൊവേന കുർബ്ബാനയിൽ പങ്കെടുത്ത് വചന സന്ദേശം പങ്കുവച്ച ശേഷം അനുജൻ വറീതിന്റെ വസതിയിൽ വന്ന് അത്താഴം കഴിച്ച് അല്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പോളച്ചനെ ഉടൻ തന്നെ അങ്കമാലി LF ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അച്ചൻ ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ ഡോക്ടറുടെ അടുത്തേയ്ക്ക് നടന്നു കയറുന്നതിനിടെ പൊടുന്നനെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും പോളച്ചൻ ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.
പോളച്ചൻ അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനുമാണ്. അറിയപ്പെടുന്ന റേഡിയോ പ്രഭാഷകനായിരുന്നു അദ്ദേഹം. ദീപിക പത്രത്തിൽ 1980-85 കാലയളവിൽ ദീപിക പത്രത്തിന്റെ വാരാന്ത പതിപ്പിൽ ചിന്താവിഷയമെഴുതി മലയാളി-മനസാക്ഷിയുടെ ദിവ്യസ്വരമായി തീർന്നു അച്ചൻ. മണവാളനച്ചന്റെ പുസ്തകങ്ങളെല്ലാം ഈടുറ്റ സാഹിത്യകൃതികളാണെങ്കിലും വായനക്കാരോട് ലളിതമായ ഭാഷയിൽ സംവദിക്കുന്നവയുമായിരുന്നു.
- നിനക്ക് എന്റെ കൃപ മതി (ജീവചരിത്രം)
- യുവസ്പന്ദനങ്ങൾ (എഡിറ്റർ)
- മാർ ലൂയിസ് പഴേപറമ്പിൽ (ജീവചരിത്രം)
- നമുക്കു പ്രാർത്ഥിക്കാം (ബൈബിൾ പ്രാർത്ഥനകൾ)
- നക്ഷത്ര ദീപങ്ങൾ
- ഇതാ, ഇവിടെ വെളിച്ചം
- അനശ്വര ചിന്തകൾ
- ചിന്താശലഭങ്ങൾ
- ചിറകുള്ള ചിന്തകൾ
- കേരള സംസ്കാരവും ക്രൈസ്തവ മിഷണറിമാരും (ഗവേഷണഗ്രന്ഥം)
- ഭാരത സംസ്കാരവും മത സൗഹൃദവും
- മനസ്സിന്റെ സിരാപടലങ്ങളിലൂടെ
- വീട്ടുവിശേഷങ്ങൾ
- ഏദനിലെ പൂക്കൾ
- പ്രസാദ പുഷ്പങ്ങൾ
- ഉയിർത്തും ഉയിർപ്പിച്ചും ഉയിരുറ്റവരാകുക
- വിശുദ്ധന്മാരുടെ പാദമുദ്രകളിലൂടെ
- ഉപമകളിലേയ്ക്കൊരു തീർത്ഥയാത്ര
- ബൈബിൾ ഡയറി
- ലൂക്കാ സുവിശേഷം (ധ്യാനവും വ്യാഖ്യാനവും)
തുടങ്ങി 20 ഓളം ഗ്രന്ഥങ്ങളുടെ കർത്താവാണ് പോൾ മണവാളനച്ചൻ.
അച്ചന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ യാതൊരു കത്തോലിക്കാ യൂണിവേഴ്സിറ്റികളിലോ, മറ്റു ബൈബിൾ ഇൻസ്റ്റിറ്റൂട്ടുകളിലോ പഠിച്ചിട്ടില്ലെങ്കിലും ജീവസ്സുറ്റ ബൈബിൾ ഉപമകളിലൂടെയും, പണ്ഡിതോചിതമായ ബൈബിൾ ക്ലാസ്സുകളിലൂടെയും, ആത്മീയതയുടെ വിഹായസ്സിൽ സ്വച്ഛന്ദം പറക്കുവാൻ അനേകരെ പഠിപ്പിച്ച യശ്ശഃശരീരനായ ഡോ. പോൾ മണവാളൻ തന്റെ വിശുദ്ധ വിചിന്തനങ്ങളിലൂടെ, താൻ രചിച്ച പ്രാർത്ഥനാ മഞ്ജരികളിലൂടെ, താൻ ജീവൻ പകർന്നു നൽകിയ സഹിതസ്യഭാവങ്ങളിലൂടെ, ഏതു പ്രസംഗവേദികളേയും തരളിതമാക്കിയ പ്രൗഢമായ പദനിസ്വനങ്ങളിലൂടെ, സാഹിത്യ കൈരളിയ്ക്ക് താൻ ജന്മം നൽകിയ അരുമഗ്രന്ഥങ്ങളിലൂടെ, തന്റെ ശിഷ്യഗണങ്ങളുടെ കലർപ്പില്ലാത്ത ആത്മീയതയിലൂടെ, ഇളംതെന്നൽപോലുള്ള ഓർമ്മകളിലൂടെ, ക്രിസ്തുവിന്റെ മാറ്റമെഴാത്ത വചനങ്ങളുടെ ശക്തിയോടെ നിത്യം ജീവിക്കും.