വിദേശ മേൽക്കോയ്മയിൽ നിന്ന് ഭാരതം സ്വതന്ത്രമായ 1947 ൽ പുളിയനത്തിൽ ഒരു സർക്കാർ പള്ളികൂടം വേണമെന്ന മോഹവുമായി ശ്രീ ചോളി ഇല്ലത്ത് ദാമോദരൻ ഇളയത്, കാരാമൽ കൃഷ്ണപിള്ള സർ, തേലപിള്ളി പൈലി മാത്യു, തേലപിള്ളി വറിയത് പൗലോസ്, തേലപിള്ളി ജോയി, കാട്ടൂർ മഠം കൊച്ചുണ്ണി തമ്പാൻ, മാമ്പ്രക്കാട്ടിൽ ശങ്കരൻ നായർ തുടങ്ങിയവർ ശ്രീ ഭദ്രകാളി മററപ്പിള്ളി മനയിലെ ശ്രീ ദേവൻ വാസുദേവൻ നമ്പൂതിരിപ്പാടിനെ കാണുകയും, ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിനു ഒരു സരസ്വതി ക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം സന്തോഷപൂർവ്വം സ്വീകരിച്ച്, മനയുടെ ഒഴിഞ്ഞു കിടക്കുന്ന പട്ടരു മഠം എന്ന കെട്ടിടത്തിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു.
കിട്ടൻ സാർ, കുറുപ്പ് സാർ, അമ്മുപ്പിള്ള സാർ, എൻ അയ്യപ്പൻ പിള്ള സാർ എന്നിവരായിരുന്നു അധ്യാപകന്മാർ. ഏതാനും നാൾ കഴിഞ്ഞ് പട്ടരു മഠം മനയ്ക് ആവശ്യമായി വന്നതിനാൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന കളരിപ്പറമ്പ് എന്ന മനയുടെ അമ്പതു സെൻറ് സ്ഥലത്ത് മനയുടെ ചിലവിൽ കെട്ടിടം പണിത് സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ടു മാറ്റി. മലയാളം അഞ്ചാം ക്ലാസ്സ് വരെയാണ് അന്നുണ്ടായിരുന്നത്. കണ്ടുണ്ണി സാർ ആയിരുന്നു പ്രധാന അധ്യാപകൻ.
1961 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1966 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെ പുതിയ കെട്ടിടങ്ങളും, പ്ലേ ഗ്രൗണ്ടുകളും ആവശ്യമായി വന്നു. സ്കൂളിനോട് ചേർന്നുള്ള മന വക ഒന്നര ഏക്കർ സ്ഥലം കൂടി വിട്ടു നൽകാൻ മനയിൽ നിന്നും സമ്മതം അറിയിച്ചു. സ്ഥലത്തിന് കൊടുക്കേണ്ട പണത്തിനു വേണ്ടി അധ്യാപകരും നാട്ടുകാരും ചേർന്ന് ഒരു സമിതി രൂപീകരിക്കുകയും എല്ലാ വീടുകളിലും കയറി ഇറങ്ങി പണമായും, അരി, നെല്ല് മുതലായവ സംഭരിക്കാനും തുടങ്ങി. അർദ്ധപട്ടിണിക്കാരായ കൂലിവേല ചെയ്യുന്നവർ പോലും അവരുടെ അധ്വാനത്തിന്റെ ഒരു പങ്ക് സ്‌കൂളിന് വേണ്ടി നൽകാൻ തയ്യാറായി. എന്നിട്ടും ആവശ്യത്തിന് പണം സ്വരൂപിക്കാനായില്ല. വീണ്ടും മനയിൽ നിന്ന് കാരുണ്യത്തിന്റെ കരം ഉയർന്നു. കിട്ടിയ പണം വിലയായി അംഗീകരിച്ച് സ്ഥലം സ്കൂളിന് വിട്ടു നൽകി. 1969 ൽ എസ്. എസ്. എൽ. സി. ആദ്യ ബാച്ച് പുറത്തിറങ്ങി. 1997 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
2003 ൽ ശ്രീ കെ കരുണാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടും, ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഇൻഫ്രാ ഫണ്ടും ഉപയോഗിച്ച് രണ്ടു നില കെട്ടിടവും, 2012 ൽ അഡ്വ ജോസ് തെറ്റയിലിന്റെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് കോൺഫറൻസ് ഹാളും നിർമിച്ചു. 2007 ൽ നാഷണൽ സർവീസ് (NSS) സ്കീമിന്റെ യൂണിറ്റും പ്രവർത്തിച്ചു തുടങ്ങി. സോഷ്യൽ ക്ലബ്, ഹെൽത്ത് ക്ലബ്, സ്കൗട്ട്, ഗൈഡ്, ജെ ആർ സി, നാഷണൽ ഗ്രീൻ കോപ്സ് തുടങ്ങിയവയുടെ യൂണിറ്റുകളും സജീവമായിട്ടാണ് പ്രവർത്തിക്കുന്നത്. നിലവിൽ പത്ത് ഹൈ ടെക്ക് ക്ലാസ്സ് മുറികളുണ്ട്.
പ്രശസ്ത സാഹിത്യകാരനായ ഡോക്ടർ പി എസ് നായരുടെ മകൻ സോമശേഖരൻ സാറുൾപ്പെടെയുള്ള നിരവധി പ്രഗത്ഭരായ അധ്യാപകരുടേയും സ്കൂളിന്റെ വളർച്ചക്കുവേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്ത പി ടി എ പ്രസിഡന്റ്മാരുടെയും, പി ടി എ കമ്മിറ്റി അംഗങ്ങളുടേയും, ആത്മാർത്ഥമായ പ്രവർത്തനങ്ങളും നാട്ടുകാരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും കൊണ്ട് പുളിയനം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഒരു മാതൃക വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു. ലോക പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി തുടങ്ങിയ പ്രശസ്തരായ നിരവധി പേർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. പ്രിൻസിപ്പൽ, എച് എം ഉൾപ്പെടെ അൻപത്തി ഒമ്പത് അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നുണ്ട്. അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്.
പൂർവ വിദ്യാർത്ഥി സംഘടനയുടെ(O.S.A) ശ്രമഫലമായി 2014 ൽ ഇരുപത്തിരണ്ടു ലക്ഷം രൂപ ചിലവിട്ട്, ആറായിരം സ്ക്വർ ഫീറ്റിൽ ഒരു ഓഡിറ്റോറിയം നിർമ്മിച്ചു നൽകി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും, ബോധവത്ക്കരണ ക്ലാസുകൾ നടത്തിയും നാടകങ്ങൾ, മാജിക് ഷോ തുടങ്ങിയ വിവിധ പരിപാടികൾ നടത്തിയും, കലാ – സാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ചവരെ ആദരിച്ചും, സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമായി O.S.A സ്തുത്യർഹമായ സേവനം ചെയുന്നു.