എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് പുളിയനം ഗ്രാമം. ഒരു നൂറ്റാണ്ടിനു മുൻപ് വിദ്യാഭ്യാസം അധികം കടന്നു ചെല്ലാത്ത കൊച്ചു ഗ്രാമം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പുളിയനം നിവാസികളായ ഏതാനും പേർ പുളിയനത്ത് ഒരു വിദ്യാലയം വേണമെന്ന ആവശ്യവുമായി മൂഴിക്കുളം സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫ്രാൻസീസ് ചിറ്റേഴത്തച്ചനെ സമീപിച്ചു. ഈ സമയം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന മഹത്തായ ആശയം ഈ ഇടവകയുമായി ബന്ധപ്പെട്ടു നടപ്പിലാക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമം അച്ചൻ അവരുമായി പങ്കുവച്ചു.
1915 ൽ സ്ഥാപിതമായെങ്കിലും 1930 ലാണ് നാല് ക്ലാസ്സ് മുറികളുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഈ വിദ്യാലയം മാറിയത്. 1937 ൽ എളവൂർ സെന്റ് ആന്റണീസ് പള്ളിസ്ഥാപിതമാവുകയും മൂഴിക്കുളം പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം എളവൂർ പള്ളിക്ക് കൈമാറുകയും ചെയ്തു. 1915 മുതൽ 1957 വരെ പ്രധാനാധ്യാപകനായി സേവനം ചെയ്തത് പറവൂർ എഴിക്കര സ്വദേശിയായ ശ്രീ.കെ. എ. കൃഷ്ണപ്പിള്ള സാർ ആയിരുന്നു. ഈ കാലയളവിൽ ചാക്കോ സാർ, കണ്ടുണ്ണി സാർ , പി.എ ലോനപ്പൻ സാർ, അയ്യപ്പൻ പിള്ള സാർ , പി.എം. മേരി ടീച്ചർ, ജോസഫ് സാർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായെത്തി. തുടർന്ന് നിരവധി അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.
2008 ൽ കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം പുതിയ കെട്ടിടം നിർമിക്കേണ്ടത് ആവശ്യമായി വന്നു. മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ തോട്ടുങ്കലിന്റെയും കൺവീനർ ശ്രീ. പുളിയനം പൗലോസിന്റേയും നേതൃത്വത്തിലുള്ള സ്കൂൾ പുനർനിർമാണ കമ്മറ്റിയുടെ ശ്രമഫലമായി ഇന്ന് നാം കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. കെട്ടിടത്തിന്റെ നിർമാണച്ചിലവ് പൂർവവിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരാണ് സംഭാവന ചെയ്തത്. 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 106 വയസ്സായ ഈ അക്ഷരമുത്തശ്ശി നാടിനാകെ നന്മപകരുന്ന പൂമരമായി ഇന്നും നിലകൊള്ളുന്നു.