പുളിയനം എന്ന സ്ഥലം പാറക്കടവ് പഞ്ചായത്തിലാണ്. അങ്കമാലിയിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ വടക്കുപടിഞ്ഞാറോട്ട് മാറി, തെക്ക് കോടിശ്ശേരിയും മാഞ്ഞാലിത്തോടും വടക്ക് മാമ്പ്ര, കിഴക്ക് പീച്ചാനിക്കാട്, പടിഞ്ഞാറ് എളവൂരും കുന്നപ്പിള്ളിശ്ശേരിയും… ഇങ്ങനെയാണ് അതിരുകൾ.
ഈ സ്ഥലനാമവുമായി ബന്ധപ്പെട്ട് രണ്ട് കഥകളാണ് നിലവിലുള്ളത്. പണ്ട് ഈ പ്രദേശം വനഭൂമി ആയിരുന്നത്രെ. പുലികൾ വിഹരിച്ചിരുന്ന വനം ആയിരുന്നതിനാൽ ഇവിടം അറിയപ്പെട്ടിരുന്നത് ‘പുലിവനം’ എന്നായിരുന്നു പോലും. ഈ പുലിവനമാണ് പറഞ്ഞുപറഞ്ഞ് ‘പുളിയനം’ എന്ന് രൂപമാറ്റം സംഭവിച്ചത്. ‘പുലിപ്പാറ’ എന്നറിയപ്പെടുന്ന ഒരു ഒറ്റപ്പെട്ട പാറയും അതിന്റെ അടിവശത്തായി ‘പുലിമട’ പോലെയുള്ള ഒരു ഗുഹയും ഇവിടെയുണ്ടെന്നത് ഈ പഴങ്കഥയ്ക്ക് പിൻബലമേകുന്നു.
ഇവിടെ ‘വാളൻപുളി’ ധാരാളമായി ഉണ്ടായിരുന്നുവെന്നും പുളിമരങ്ങളുടെ വനം ആദ്യം ‘പുളിവന’വും കാലാന്തരത്തിൽ ‘പുളിയന’വുമായി രൂപാന്തരപ്പെട്ടു എന്നതുമാണ് രണ്ടാമത്തെ കഥ. ഏതായാലും ഇപ്പോൾ ഇവിടെ പുളിമരക്കൂട്ടങ്ങളൊന്നും എവിടെയും കാണാനില്ല. പുളിയനം പണ്ടുമുതൽതന്നെ കാർഷിക ഗ്രാമമായിരുന്നു. ചാലക്കുടിപ്പുഴയും മാഞ്ഞാലിത്തോടും ജലസമൃദ്ധമാക്കിയിരുന്നതിനാൽ മൂന്നുപൂ കൃഷി ചെയ്യുന്ന നെൽപ്പാടങ്ങളായിരുന്നു എവിടെയും, ധാരാളം കവുങ്ങിൻതോട്ടങ്ങളും. ഇതിനുപുറമെ ചാമ, മുതിര, പഞ്ഞപ്പുല്ല് (മൂത്താറി), ഉഴുന്ന്, ചെറുപയർ, വൻപയർ, കൂവ, കപ്പ, ചെറുകിഴങ്ങ് തുടങ്ങിയ കാർഷികവിഭവങ്ങളും നന്നായി വിളഞ്ഞിരുന്നു.
കുന്നുകളും പാറമടകളും പച്ചപുതച്ച നെൽപ്പാടങ്ങളുമൊക്കെ ഉണ്ടായിരുന്ന പുളിയനം, പഴയകാല മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടലൊക്കേഷൻ ആയിരുന്നു.
Content courtesy: mathrubhumi.com