പന്നിത്തടം: വെള്ളോപാടത്തിന്റെ ഉറവുള്ള ഭാഗത്ത് മീനമാസത്തിലും ചെളി ഉണ്ടാകും. ആ ചേറിൽ കിടക്കുവാൻ കാട്ടുപന്നികൾ കൂട്ടമായി വരുമായിരുന്നു. അങ്ങനെ ആ നീർത്തടം പന്നിത്തടമായി. ഈ സ്ടലങ്ങൾ എല്ലാം ശതകാലസ്മരണകൾ ഉണർത്തുന്ന ഓർമ്മ ചെപ്പുമായി നിലനിൽക്കുന്നു; വരും തലമുറയ്ക്ക് പൈതൃകസ്മരണകൾ പുതുക്കുവാൻ.
നെല്ലാച്ചിറ: തൊട്ടടുത്തുള്ള കറുകുറ്റി പഞ്ചായത്തിലാണ് ഈ ‘ചിറ’യുള്ളത്. അവിടെയുള്ള ‘യുവത’ ഈ ചിറയുടെ പേര് അന്വർത്ഥമാക്കുവാൻ ഒരു നേച്ചർ ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ക്രിസ്തുമസ് നക്ഷത്ര ദീപങ്ങൾ കൊണ്ട് നെല്ലാച്ചിറ ഗ്രാമത്തിന്റെ ടൂറിസം കാഴ്ചയൊരുക്കുനതും അഭിനന്ദനാർഹമാണ്.
നെട്ടാത്തോട്: കാട്ടുചിറയും നെല്ലാച്ചിറയും പുറംതള്ളുന്ന വെള്ളം നെട്ടാത്തോടിൽ എത്തിച്ചേരുന്നു. പുളിയനം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്ന വഴിയിൽ, ഇന്നത്തെ റോഡ് എത്രമനോഹരമാണ്. എന്നാൽ ഒരുകാലത്തു ഈ റോഡ് പോകുന്നവഴി ‘ഇടവഴി’യായിരുന്നു. രണ്ടു പാടങ്ങൾ കടന്നുവേണം നെട്ടാത്തോട് എത്തുവാൻ. പുളിയനം ജംഗ്ഷന് സമീപമുള്ള നീലുവ പാടവും, റബ്ബർ സൊസൈറ്റി കഴിഞ്ഞുള്ള നെട്ടോപാടവും. നമ്മുടെ എളവൂർ ഗ്രാമത്തിന്റെ വടക്കുഭാഗത്തുള്ള പരമ്പരാഗത മൺപാത്ര നിർമാണക്കാരായ ‘ചെട്ടിയാർ’ വിഭാഗത്തിലുള കരകൗശലക്കാർ ഉണ്ടാക്കിയ മൺപാത്രങ്ങൾ കുട്ടയിലാക്കി ഈ പാടശേഖരവഴിയിലൂടെയാണ് വിൽപനക്കായി കൊണ്ടുപോയിരുന്നത്. പലപ്പോഴും ഇവരുടെ കുട്ട വഴിയോരത്തെ ചെടികളിൽ തട്ടി മൺപാത്രങ്ങൾ വഴിയിൽ വീണ് ഉടഞ്ഞുപോകാറുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇന്നത്തെ വീതിയേറിയ റോഡിൻറെ അസ്ഥിവാരങ്ങളിൽ ഉടഞ്ഞു ചിതറിയ ചുട്ട മൺപാത്രചീളുകൾ ഒരു സ്മാരകശിലയായി കിടക്കുന്നുണ്ടാകാം; വിയർപ്പിന്റെ, കരവിരുതിൻറെ നിത്യസ്മാരകങ്ങളായി. നെട്ടാതോട്ടിന്റെ ഇരുവശവും കരിങ്കൽ ഭിത്തി കെട്ടി ഇപ്പോൾ പുനരുദ്ധരിച്ചിട്ടുണ്ട്.
– ടി സി ഏല്യാസ് മാസ്റ്റർ