ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. രൗദ്രഭാവമുള്ള ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാടായും തൂക്കം അറിയപ്പെട്ടിരുന്നു. തൂക്കച്ചാടിലെ കൊളുത്തിൽ വഴിപാടു നടത്തുന്ന ഭക്തന്റെ തൊലിയിൽ നേരിട്ടു കുത്തുന്നതു കൊണ്ട് എളവൂർ തൂക്കം മറ്റുള്ള തൂക്കങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നു..
ദേവിയുടെ ഹിതം മാനിച്ചു നിർത്തലാക്കിയ ഈ ചടങ്ങ് ഇന്ന് ദേവിക്ക് പൂമൂടലായി പത്താമുദയനാളിൽ പുനർജനിച്ചു. ചുവന്ന പട്ടും ചിലങ്കയും വാളുമേന്തി തിരുവാഭരണം ചാർത്തി സർവ്വാലങ്കാരഭൂഷിതയായി നില്‍ക്കുന്ന പുത്തന്‍കാവിലമ്മയെ പത്താമുദയനാളിൽ ദർശിക്കുന്നതു തന്നെ ഒരു മനുഷ്യായുസ്സിന്റെ പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു . ദേവിയുടെ ഇഷ്ട വഴിപാട് കൂടിയായ പുഷ്പാഭിഷേകം വളരെയധികം ദർശനപ്രധാനമേറിയതുമാണ്.